Jump to content

തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവാലത്തൂർ ശ്രീ രണ്ടുമൂർത്തി ഭഗവതിക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:പാലക്കാട്
സ്ഥാനം:തിരുവാലത്തൂർ, കൊടുമ്പ്
വാസ്തുശൈലി, സംസ്കാരം
വാസ്തുശൈലി:കേരളീയ ക്ഷേത്രനിർമ്മാണശൈലി
ചരിത്രം
സൃഷ്ടാവ്:പരശുരാമൻ
ഭരണം:മലബാർ ദേവസ്വം ബോർഡ്

പാലക്കാട് ജില്ലയിൽ പാലക്കാട് നഗരത്തിനടുത്ത് കൊടുമ്പ് പഞ്ചായത്തിൽ തിരുവാലത്തൂർ ഗ്രാമത്തിൽ, ഭാരതപ്പുഴയുടെ പോഷകനദിയായ കണ്ണാടിപ്പുഴയുടെ കരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ശ്രീ രണ്ടുമൂർത്തി ഭഗവതിക്ഷേത്രം. ആദിപരാശക്തിയായ ജഗദംബിക അത്യുഗ്രദേവതയായ മഹിഷാസുരമർദ്ദിനിയായും, ശാന്തസ്വരൂപിണിയായ അന്നപൂർണ്ണേശ്വരിയായും രണ്ടുഭാവങ്ങളിൽ കുടികൊള്ളുന്ന ക്ഷേത്രമായതുകൊണ്ടാണ് ഇതിന് 'രണ്ടുമൂർത്തി ഭഗവതിക്ഷേത്രം' എന്ന പേരുവന്നത്. നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിലൊന്നാണ് ഈ ക്ഷേത്രം. പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ നിൽക്കുന്ന ഈ ക്ഷേത്രം കേരളീയ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്. തുല്യവലുപ്പത്തിലുള്ള രണ്ട് ശ്രീകോവിലുകളും രണ്ട് കൊടിമരങ്ങളും രണ്ട് നാലമ്പലങ്ങളുമുള്ള ഒരു അപൂർവ്വസന്നിധിയാണ് ഇത്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, പാർവ്വതി, ഗണപതി, അയ്യപ്പൻ, ശ്രീകൃഷ്ണൻ, ശങ്കരനാരായണൻ, അന്തിമഹാകാളൻ, നാഗദൈവങ്ങൾ എന്നിവരും കുടികൊള്ളുന്നുണ്ട്. വൃശ്ചികമാസത്തിൽ രോഹിണി നാളിൽ ആറാട്ടായി നടക്കുന്ന പത്തുദിവസത്തെ ഉത്സവവും ഇതിനിടയിൽ വരുന്ന തൃക്കാർത്തികയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ നവരാത്രിയും വിശേഷമാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യങ്ങൾ[തിരുത്തുക]

സ്ഥലനാമം[തിരുത്തുക]

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന പറമ്പിന്റെ ഇടതുഭാഗത്തുകൂടിയാണ് പണ്ട് കണ്ണാടിപ്പുഴ ഒഴുകിയിരുന്നത്. പിന്നീട്, ദേവിയുടെ ഇടപെടൽ കാരണം അത് വലതുഭാഗത്തുകൂടെയായി. അങ്ങനെ, ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന് 'തിരുവലത്താറ്' എന്ന പേര് ലഭിച്ചു. ഇതാണ് കാലാന്തരത്തിൽ 'തിരുവാലത്തൂർ' ആയത്. മറ്റൊരു കഥയനുസരിച്ച്, ജലസമൃദ്ധി കൂടിയ സ്ഥലം എന്ന അർത്ഥത്തിൽ സ്ഥലത്തിന് ആദ്യം ആലത്തൂർ എന്ന് പേര് ലഭിയ്ക്കുകയും, പിന്നീട് ദേവീസാന്നിദ്ധ്യം വന്നപ്പോൾ ആദരസൂചകമായി 'ശ്രീ' അഥവാ 'തിരു' ചേർത്ത് തിരുവാലത്തൂർ ആകുകയുമായിരുന്നു. ജലസമൃദ്ധിയുടെ തെളിവായി കണ്ണാടിപ്പുഴയും ഇതിൽ വന്നുചേരുന്ന ചില തോടുകളും കുളങ്ങളും ഇന്നും തിരുവാലത്തൂരിൽ കാണാം.

മതിൽക്കെട്ട്[തിരുത്തുക]

ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇവിടത്തെ അതിവിശാലമായ മതിൽക്കെട്ട്. ഇത് മനുഷ്യനിർമ്മിതമല്ലെന്നാണ് ഐതിഹ്യം. ഇതിന്റെ നിർമ്മാണത്തിന് പുറകിൽ പറഞ്ഞുവരുന്ന ഒരു കഥയുണ്ട്. ഈ മതിൽക്കെട്ട് നിർമ്മിച്ചത് ഭൂതഗണങ്ങളാണെന്നും ഒറ്റരാത്രി കൊണ്ടാണ് അവർ ഇത് നിർമ്മിച്ചതെന്നും, എന്നാൽ പണിതീരും മുമ്പ് നേരം വെളുത്തതിനാൽ അവർ പണിയുപേക്ഷിച്ച് സ്ഥലം വിട്ടെന്നുമാണ് കഥ. ഇതിന്റെ തെളിവായി കിഴക്കേ ഗോപുരവും കിഴക്കുഭാഗത്തെ മതിൽക്കെട്ടും പണി പൂർത്തിയാക്കിയിട്ടില്ലെന്ന കാര്യം മനസ്സിലാക്കാം.

മഹിഷാസുരമർദ്ദിനി[തിരുത്തുക]

ഐതിഹ്യമനുസരിച്ച് ക്ഷേത്രത്തിലെ ആദ്യത്തെ പ്രതിഷ്ഠ, വടക്കുഭാഗത്തെ ശ്രീകോവിലിൽ കുടികൊള്ളുന്ന മഹിഷാസുരമർദ്ദിനിയാണ്. അത്യുഗ്രദേവതയായ മഹിഷാസുരമർദ്ദിനിയുടെ വിഗ്രഹത്തിന് ഏകദേശം ആറടി ഉയരമുണ്ട്. പടിഞ്ഞാറോട്ടാണ് ദർശനം. എട്ടുകൈകളോടുകൂടിയ വിഗ്രഹത്തിന്റെ കൈകളിൽ ശംഖ്, ചക്രം, ഗദ, അമ്പ്, വില്ല്, വാൾ, ത്രിശൂലം തുടങ്ങിയ ആയുധങ്ങൾ കാണാം.

അന്നപൂർണ്ണേശ്വരി[തിരുത്തുക]

ക്ഷേത്രത്തിലെ അന്നപൂർണ്ണേശ്വരീപ്രതിഷ്ഠയും സവിശേഷമായ ഒരു ഐതിഹ്യത്തിനുടമയാണ്. മഹിഷാസുരമർദ്ദിനിയുടെ പ്രതിഷ്ഠയ്ക്കുശേഷമാണ് ഇത്തരമൊരു പ്രതിഷ്ഠയുണ്ടായതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ആ കഥ ഇങ്ങനെ:

മഹിഷാസുരമർദ്ദിനിയുടെ ഉഗ്രഭാവത്തോടെയുള്ള പ്രതിഷ്ഠ, നാട്ടിൽ പലതരം ബുദ്ധിമുട്ടുകളുണ്ടാക്കി. അതിവർഷം, വെള്ളപ്പൊക്കം, കൃഷിനാശം തുടങ്ങിയവ അവയിൽ പ്രധാനമാണ്. ഇത്തരം സംഭവങ്ങൾ അടുപ്പിച്ചടുപ്പിച്ചുണ്ടാകുന്നതിൽ ദുഃഖിതരായ നാട്ടുകാർ, ദേവിയോടുതന്നെ പ്രാർത്ഥിച്ചു. ഭക്തരുടെ വേദനയിൽ മനസ്സലിഞ്ഞ ദേവി, മഹിഷാസുരമർദ്ദിനിയുടെ ശ്രീകോവിലിന് തെക്കുഭാഗത്ത് താഴ്ചയിൽ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ അവിടെ പുതിയ ശ്രീകോവിൽ പണിയുകയും അന്നപൂർണ്ണേശ്വരിസങ്കല്പത്തിൽ ദേവിയെ ആരാധിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ഇതിനുശേഷം യാതൊരുവിധ പ്രശ്നങ്ങളുമുണ്ടായില്ലെന്ന് മാത്രവുമല്ല, കൂടുതൽ സമ്പദ്സമൃദ്ധിയോടെ ഗ്രാമം വിളങ്ങാൻ തുടങ്ങുകയും ചെയ്തു.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

തിരുവാലത്തൂർ ഗ്രാമത്തിന്റെ ഒത്ത നടുക്ക്, കണ്ണാടിപ്പുഴയുടെ തെക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രദർശനം. പാലക്കാടുനിന്നോ ചിറ്റൂർ നിന്നോ വരുന്നവർക്ക് കൊടുമ്പിൽ നിന്ന് പുഴയ്ക്ക് കുറുകേയുള്ള പാലം കടന്നുവേണം ക്ഷേത്രത്തിലെത്താൻ. തിരുവാലത്തൂർ എൽ.പി. സ്കൂളും ഏതാനും കടകളും ഒഴിച്ചുനിർത്തിയാൽ ക്ഷേത്രപരിസരത്ത് എടുത്തുപറയാവുന്ന നിർമ്മിതികളൊന്നുമില്ല. ക്ഷേത്രത്തിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങൾ നെൽപാടങ്ങളാണ്. ഇപ്പോഴും ധാരാളമായി നെല്ല് വിളയുന്ന പാടങ്ങളാണ് ഇവിടെയുള്ളത്. പച്ചപ്പട്ടുടുത്തു നിൽക്കുന്ന പാടങ്ങളും മരങ്ങളും ആരെയും ആകർഷിയ്ക്കും. പടിഞ്ഞാറുനിന്ന് വരുന്നവർക്കാണെങ്കിൽ ഈ പാടങ്ങൾക്കിടയിലൂടെ നടന്നുപോകണം. അങ്ങനെ കുറച്ചുദൂരം നടന്നാൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന് മുന്നിലെത്താം. വളരെ ചെറിയൊരു ഗോപുരമാണ് ഇവിടെയുള്ളത്. എടുത്തുപറയാവുന്ന ഒരു നിർമ്മിതിയല്ല ഇത്. ഗോപുരത്തിന് സമീപത്തുതന്നെയാണ് അതിവിശാലമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നത്. അന്തിമഹാകാളൻ കുളം എന്നാണ് ഇത് അറിയപ്പെടുന്നത്. ഉഗ്രമൂർത്തിയായ മഹിഷാസുരമർദ്ദിനിയുടെ കോപം കുറയ്ക്കാനാണ് ഈ കുളം കുഴിച്ചതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഇതിനോടുചേർന്നുതന്നെയാണ് അന്തിമഹാകാളന്റെ പ്രതിഷ്ഠയും. ദേവിയുടെ കാവൽക്കാരനാണെന്ന് വിശ്വസിയ്ക്കപ്പെടുന്ന അന്തിമഹാകാളനെ, മേൽക്കൂരയില്ലാത്ത ഒരു തറയിൽ, ശിവലിംഗത്തോട് സാദൃശ്യമുള്ള ഒരു ചെറിയ വിഗ്രഹത്തിലാണ് കുടിയിരുത്തിയിരിയ്ക്കുന്നത്. ക്ഷേത്രഗോപുരത്തിനും കുളത്തിനുമിടയിൽ ഇരുവശത്തുമായി ദേവസ്വം ഓഫീസുകൾ കാണാം. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു 'ബി' ഗ്രേഡ് ദേവസ്വമാണ് തിരുവാലത്തൂർ ദേവസ്വം. ഇവ പിന്നിട്ടുകഴിഞ്ഞാൽ ക്ഷേത്രമതിലകത്തെത്താം.

രണ്ടുതട്ടുകളായി കിടക്കുന്ന അതിവിശാലമായ മതിലകമാണ് തിരുവാലത്തൂർ ക്ഷേത്രത്തിലേത്. ഇവയിൽ, ഉയർന്ന തട്ടിലുള്ളത് മഹിഷാസുരമർദ്ദിനിയുടെയും താഴ്ന്ന തട്ടിലുള്ളത് അന്നപൂർണ്ണേശ്വരിയുടെയും ക്ഷേത്രങ്ങളാണ്. ഇരുക്ഷേത്രങ്ങൾക്കും ഒരുമിച്ചാണ് നടപ്പുര പണിതിരിയ്ക്കുന്നത്. വിവാഹം, ചോറൂൺ, ഭജന തുടങ്ങിയ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിച്ചുവരുന്നു. 2017-ൽ നടന്ന നവീകരണത്തിനുശേഷം പുതുക്കിപ്പണിത രൂപത്തിലാണ് ഇന്ന് ഇത് കാണപ്പെടുന്നത്. വടക്കുപടിഞ്ഞാറുഭാഗത്താണ് കൂത്തമ്പലം സ്ഥിതിചെയ്യുന്നത്. താരതമ്യേന ചെറുതും അനാകർഷകവുമാണ് ഇവിടത്തെ കൂത്തമ്പലം. വട്ടത്തിലുള്ള ഒരു തറയിൽ നിൽക്കുന്ന ഒരു ചെറിയ നിർമ്മിതിയാണ് ഇത്. ആദ്യകാലത്ത് വലുപ്പമുണ്ടായിരുന്നെന്നും പിന്നീട് ഇതിലെ വട്ടത്തിലുള്ള ഭാഗം നശിച്ചുപോയതാണെന്നുമാണ് സങ്കല്പം. ക്ഷേത്രത്തിന്റെ വടക്കേ ഗോപുരത്തിലൂടെ ഇറങ്ങി അല്പദൂരം നടന്നാൽ പുഴയിലെ ആറാട്ടുകടവിലെത്താം. ഉത്സവക്കാലത്ത് ഇവിടെയാണ് ഭഗവതിമാർക്ക് ആറാട്ട് നടത്തപ്പെടുന്നത്. ഇവിടെനിന്നുള്ള പുഴയുടെ കാഴ്ച നയനമനോഹരമാണ്. ഇത് കാണാനായി നിരവധി ആളുകൾ എത്താറുണ്ട്. നദീതീരത്തായി നാല് ചെറുക്ഷേത്രങ്ങൾ കാണാം. ഇവിടങ്ങളിലാണ് ക്ഷേത്രത്തിലെ ഉപദേവതകളായ ശിവപാർവ്വതിമാരും ശങ്കരനാരായണനും ശ്രീകൃഷ്ണനും ഗണപതിയും കുടികൊള്ളുന്നത്.

ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ഗോപുരം പണിതിട്ടില്ല. ഭൂതഗണങ്ങളുടെ കഥയുമായി ബന്ധപ്പെട്ട ഐതിഹ്യം തന്നെയാണ് അതിനുള്ള കാരണമായി പറയുന്നത്. എന്നാൽ, ഏതെങ്കിലും പടയോട്ടത്തിൽ തകർന്നുപോയതാകാനാണ് സാദ്ധ്യതയെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.