Jump to content

കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹരിവരാസനമെന്ന കീർത്തനത്തിന്റെ രചയിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാണ് കമ്പങ്കുടി കുളത്തൂർ സുന്ദരേശയ്യർ. ഹരിവരാസനം ശാസ്താവിന്റെ ഉറക്കുപാട്ട് എന്ന നിലയിൽ പ്രസിദ്ധമാണ്. അഷ്ടകം എന്ന ശ്ലോക ക്രമത്തിലാണ് ഇതിന്റെ രചന. ശബരിമല നവീകരണംകഴിഞ്ഞ വേളയിൽ അന്നത്തെ മേൽശാന്തി വടാക്കം ഈശ്വരൻ നമ്പൂതിരി അത്താഴ പൂജക്കു ശേഷം തിരുമുമ്പിൽ ആലപിച്ചുകൊണ്ട് അത് ഇന്നും തുടർന്നു വരുന്നു. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കല്ലടക്കുറിച്ചിയിലാണ് കമ്പക്കുടി.

മണികണ്ഠനെന്ന അയ്യപ്പൻ, കമ്പക്കുടി കുടുംബത്തോടു കടപ്പെട്ടിരിക്കുന്നതായി ഒരൈതീഹ്യമുണ്ട്‌. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കല്ലടക്കുറിച്ചിയിലാണ് "കമ്പക്കുടി". പന്തളത്തു നിന്നും പുലിപ്പാലിനു പോയ അയ്യൻ അയ്യപ്പൻ വിശന്നു വലഞ്ഞ്‌ കാട്ടിനുള്ളിൽ കണ്ട ഒരു ചെറുകുടിലിലേക്കു കയറിച്ചെന്നു. അവിടെയുണ്ടായിരുന്ന വയസ്സായ പാട്ടി "കമ്പ്‌" എന്ന ധാന്യം അരച്ച്‌ കഞ്ഞി കുടിക്കാൻ കൊടുത്തു. വിശന്നുവന്ന തനിക്കു കമ്പു പൊടിച്ചു കഞ്ഞി നൽകിയ കുടുംബം മേലിൽ "കമ്പക്കുടി" എന്നറിയപ്പെടും എന്നു അയ്യപ്പൻ അരുളിച്ചെയ്തു.

1963 നവംബറിൽ തിരുവനന്തപുരം ചാലയിലെ ജയചന്ദ്രാ ബുക്ക് ഡിപ്പോയിൽ നിന്നു പുറത്തിറക്കിയ ‘ഹരിവരാസനം വിശ്വമോഹനം’ എന്ന കീർത്തനസമാഹാരം പിന്നീട് ഇതേ പറ്റി അന്വേഷിച്ചവർക്ക് കണ്ടെത്താൻ സാധിച്ചിരുന്നു. ഇതിന്റെ 78ാം പേജിൽ ‘ഹരിഹരാത്മജാഷ്‌ടകം’ എന്ന തലക്കെട്ടിൽ ഈ കീർത്തനം അച്ചടിച്ചിട്ടുണ്ട്. ഇതിൽ ‘സമ്പാദകൻ’ എന്നാണ് ഇദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. സമ്പാദകൻ ഒരിക്കലും രചയിതാവാകില്ല എന്നുണ്ട്. എന്നാൽ, 1920 ൽ തന്നെ കുളത്തു അയ്യരുടെ ശാസ്താസ്തുതി കദംബം എന്ന പുസ്തകം തമിഴിൽ നിലവിലുണ്ട്. അതിനാൽ, സമ്പാദകൻ എന്നത് പ്രസാധക സൃഷ്ടിയാകാം. യഥാർഥ രചയിതാവ് ശാസ്താംകോട്ട കോന്നകത്ത് ജാനകിയമ്മയാണ് എന്ന അടിസ്ഥാനമില്ലാത്ത അവകാശ വാദം നിലവിൽ ഉണ്ട്. ജാനകിയമ്മ എഴുതിയതെന്ന് അവകാശപ്പെട്ട്, 'ഹരിവരാസനം' കൈയെഴുത്തുപ്രതി കണ്ടെടുത്ത അവരുടെ ബന്ധുക്കൾ ഇപ്പോൾ രംഗത്തുണ്ട് എന്നതും ശ്രദ്ധേയമാണ്. [1] [2]ജാനകിയമ്മ മറ്റൊന്നും എഴുതാത്തതിനാൽ ഇത് വിശ്വസനീയമല്ല. അവരുടെ പിതാവ് അനന്തകൃഷ്ണയ്യർ നേരത്തെ തന്നെ കുളത്തു അയ്യരുടെ കീർത്തനം പഠിച്ചിരിക്കാം. അനന്തകൃഷ്ണ അയ്യർ ശബരിമല മേൽശാന്തി ആയിരുന്നു. അതിനാൽ, ഹരിവരാസനം, പിതാവ് ജാനകിയമ്മയ്ക്ക് കൈമാറിയതാകാനേ തരമുള്ളൂ.

അവലംബം[തിരുത്തുക]