Jump to content

ആപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ക്രിസ്ത്യൻ പള്ളിയുടെ ആപ്സ്
ക്രിസ്ത്യൻ കത്തീഡ്രലുകളുടെ അടിത്തറയുടെ സാമാന്യപ്ലാൻ - ആപ്സ് ചാരനിറത്തിൽ സൂചിപ്പിച്ചിരിക്കുന്നു

പള്ളികൾ പോലുള്ള കെട്ടിടങ്ങളുടെ ഒരറ്റത്ത് പുറത്തേക്ക് തള്ളിനിൽക്കുന്ന അർദ്ധവൃത്താകാരമായ എടുപ്പുകളെയാണ് ആപ്സ് (ഇംഗ്ലീഷ്: Apse) എന്നുപറയുന്നത്. പള്ളികളിൽ അൾത്താരയുടെ ഭാഗത്താണ് ഇത്തരം എടുപ്പ് കാണുക. അർധവൃത്താകൃതിയിലോ ബഹുകോണാകൃതിലോ ആപ്സ് കാണപ്പെടുന്നു. ഇതിന്റെ മുകൾ ഭാഗം സാധാരണയായി അർധ കുംഭാകൃതിയിലായിരിക്കും. യൂറോപ്പിലെ പ്രാചീന ക്രൈസ്തവ ദേവാലയങ്ങളിൽ ഈ എടുപ്പിനുള്ളിലാണ് ഗായകസംഘം അണിനിരന്ന് ആരാധനയിൽ പങ്കുകൊണ്ടിരുന്നത്.[1]

പ്രതിമാശില്പം പ്രതിഷ്ഠിക്കാനുള്ള വേദി[തിരുത്തുക]

ദേവാലയത്തിലെ പ്രധാന പ്രതിമാശില്പം പ്രതിഷ്ഠിക്കാനുള്ള വേദിയായും ഈ സ്ഥാനം ഉപയോഗിച്ചിരുന്നു. ദേവാലയങ്ങളുടെ ചുമരിൽ ഉള്ളിലേക്ക് അർധവൃത്താകൃതിയിൽ ഒരുൾവളവ് ഉണ്ടാക്കി അതിനുള്ളിൽ പ്രതിമ സ്ഥാപിക്കുന്ന പതിവ് ഇതേത്തുടർന്ന് നിലവിൽ വന്നു. ഇതിനും ആപ്സിൻ്റെ ആകൃതിയാണുള്ളത്. ക്രൈസ്തവ ദേവാലയങ്ങളിലെ ഏറ്റവും ഉയർന്നഭാഗം അർധവൃത്താകൃതിയിൽ വളച്ചുപണിത് അതിനുള്ളിൽ ആൾത്താര ഉറപ്പിക്കാറുണ്ട്. ഇതിനും വാസ്തു വിദ്യപ്രകാരം ആപ്സ് എന്ന എന്ന പേരുതന്നെ സാങ്കേതികമായി ഉപയോഗിക്കുന്നു.[2]

പുരോഹിതന്മാരുടെ ഇരിപ്പിടം[തിരുത്തുക]

ആൾത്താരയ്ക്കു പിറകിൽ വളഞ്ഞ ഭിത്തിയോട് ചേർത്ത് അർധവൃത്താകൃതിയിൽ ഒരു ശിലാസ്തഭം പണിയിക്കപ്പെട്ടുവന്നു. പ്രാചീന ക്രൈസ്തവ ദേവാലയങ്ങളിൽ പുരോഹിതന്മാർക്കിരിക്കുവാൻ ഇവിടം ഉപയോഗിച്ചിരുന്നു. ഭദ്രാസന ദേവലയങ്ങളിൽ ഇത്തരം തല്പത്തിന്റെ നടുവിൽ ഏതനും പടികൾ ഉയർത്തിക്കെട്ടി അതിൽ ഒരു സിംഹാസനം സ്ഥപിച്ചിരിക്കും. ഈ സിംഹാസനം ഭദ്രാസന ഇടവകയുടെ അധിപനായ മെത്രാന്റെയോ മെത്രാപ്പൊലിത്തായുടെയോ ഔദ്യോഗിക ഇരിപ്പിടമായിരിക്കും.

കോൺസ്റ്റാന്റൈൻ ചക്രവർത്തിയുടെ കാലം[തിരുത്തുക]

കോൺസ്റ്റാന്റൈൻ ചക്രവർത്തിയുടെ കാലത്ത് പശ്ചിമയൂറൊപ്പിൽ നിർമ്മിക്കപ്പെട്ട ദേവാലയങ്ങളിൽ ആപ്സിൻ്റെ ദർശനം പടിഞ്ഞാറഭിമുഖമായിട്ടായിരുന്നു. പിൽക്കാലത്ത് പൗരസ്ത്യരെ അനുകരിച്ച് കിഴക്കോട്ടഭിമുഖമായി ആപ്സ് നിർമിച്ചു വന്നു. ഇന്നു മിക്ക ദേവാലയങ്ങളിലും ഈ സമ്പ്രദായമാണ് തുടർന്നു വരുന്നത്. കുരിശിന്റെ ആകൃതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള പലദേവാലയങ്ങളിലും വശങ്ങളിലേക്കുള്ള എടുപ്പുകൾ പ്രധാന ശാലയുമായി സന്ധിക്കുന്ന സ്ഥാനത്ത് കമാനാകൃതിയിലുള്ള തുറന്ന വാതായനങ്ങളോടുകൂടിയ ഒരു ശില്പശൈലി സീകരിക്കപ്പെട്ടിരുന്നു. ഈ സന്ധി സ്ഥാനത്ത് ആൾത്താരയോ പ്രതിമയോ സ്ഥാപിക്കാം. മേൽക്കൂര കുംഭാകൃതിയിലും ആയിരിക്കും. ഈ കുംഭത്തിന്റെ മധ്യഭാഗത്ത് നിന്നും അർധവൃത്തകൃതിയിലുള്ള ചുവരുകളിൽ ചെന്നവസനിക്കതക്കവണ്ണം ഉണ്ടാക്കുന്ന എടുപ്പിനും ആപ്സ് എന്നു പറയാം. ദേവാലയ ഗായക സഘങ്ങളുടെ ആവിർഭാവത്തൊടെ പുരോഹിതന്മാർക്കിരിക്കൻ പണിത ശിലാതല്പത്തിന്റെ സ്ഥാനം ഗയകർക്കായി ഒഴിച്ചിടേണ്ടി വന്നു. അതോടെ ആൾത്താര കുറെക്കൂടി പിന്നിലേക്കു മാറ്റിസ്ഥപിക്കുകയും അലങ്കാരവസ്തുക്കൾ വൈക്കുവനുള്ള സ്ഥലമായി ആസ്പേ മാറ്റപ്പെടുകയും ചെയ്തു. ഈ ഭാഗം മിക്കവാറും വെണ്ണക്കല്ലുകൾ പാകി മോടിപിടിപ്പിച്ചിരിക്കും. കമാനാകൃതിയിൽ ഉൾവളവോടെ ഭിത്തിക്കുള്ളിലെക്കു പണിഞ്ഞിട്ടുള്ള അറകളുടെ ഉപരിതലം വിവിധവർണ്ണങ്ങളിലുള്ള സ്ഫടിക കഷണങ്ങൾ ചേർത്തുണ്ടാക്കുന്ന മൊസെക്കുകൊണ്ട് അലങ്കരിച്ചിരിക്കും.[3]

അരാധനാക്രമങ്ങളിൽ ഉണ്ടായമാറ്റം[തിരുത്തുക]

6-ആം നൂറ്റാണ്ടിൽ ആരാധനാ ക്രമങ്ങളിലുണ്ടായ മാറ്റത്തെത്തുടർന്ന് ഗായർക്കായുള്ള ആപ്സ് കൂടാതെ പുതുതായി ഒരാപ്സ് കൂടി നിർമ്മിക്കേണ്ടിവന്നു. പുതിയ ആപ്സിന് ദേവാലയത്തിന്റെ പർശ്വഭിത്തിയുടെ അഗ്രഭാഗത്തായി സ്ഥാനം നിർണയിക്കപ്പെട്ടു. ദേവലയങ്ങളുടെ വശങ്ങളിൽ കുറുകെ മുറികൾ പണിയുന്ന സന്ദർഭത്തിൽ അത്തരം മുറികളുടെ അഗ്രഭാഗത്ത് ആപ്സുകൾ പണിതുവന്നു. പ്രധാന ദേവലയത്തോട് ചേർന്ന് ആപ്സ് ചാപ്പലുകൾ പണിയുന്ന പതിവ് യൂറോപ്പിൽ നിലവിൽ വന്നു ഇറ്റലിയിൽ വലിയ മാറ്റങ്ങളൊന്നു വരുത്താതെ കമാനങ്ങൾ കൊണ്ട് കൂടുതൽ ആകർഷകമാക്കി ആപ്സുകൾ നിർമിച്ചുപോന്നു. ആകൃതിയും സ്ഥാനവും കണക്കിലെടുക്കുമ്പോൾ ഒരുവശം തുറസ്സായും മറുവശം അടച്ചുമുള്ള ഇതിന്റെ ഘടന അവിടെ സ്ഥാപിക്കപ്പെടുന്ന ആൾത്താരയ്ക്കോ പ്രതിമയ്ക്കോ ആകെഒരെടുപ്പും ചന്തവും ഉളവാക്കുന്നു. ആധുനിക കാലത്ത് ആപ്സുകൾ ദേവാലയങ്ങളിൽ മാത്രമല്ല മറ്റുപൊതുസ്ഥാപനങ്ങളിലും നിർമ്മിക്കുവൻ തുടങ്ങിയിട്ടുണ്ട്.[4]

ഇതും കാണുക[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആപ്സ്&oldid=3773799" എന്ന താളിൽനിന്ന് ശേഖരിച്ചത്