Jump to content

ഭഗവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bhagavati എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈന്ദവ ആരാധനാമൂർത്തികളായ ശാക്തേയ ദൈവത്തെ പൊതുവിൽ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് ഭഗവതി. ഭഗവാൻ എന്നതിന്റെ സ്ത്രീ ലിംഗ പദമായും ഭഗവതി എന്ന വാക്ക് ഉപയോഗിക്കുന്നു. ഇത് ദൈവം എന്ന വാക്കിന്റെ പര്യായപദമാണ്. ഭാരതത്തിൽ പ്രധാനമായും ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയായ ആദിപരാശക്തിയെയും ആ ദേവിയുടെ വിവിധ ഭാവങ്ങളെയും കുറിക്കാൻ ഉപയോഗിക്കുന്ന പദമാണിത്. മലയാളികളുടെ ദേശദൈവവും കുടുംബദൈവവും ഭഗവതി തന്നെ. കേരളത്തിൽ മിക്കവാറും എല്ലായിടത്തും ഭഗവതി ക്ഷേത്രങ്ങൾ കാണാം. ദുർഗ്ഗാ ഭഗവതി, ഭദ്രകാളി അല്ലെങ്കിൽ ഭദ്രാ ഭഗവതി/ കാളി ഭഗവതി/ മഹാകാളി, കുരുംബാ ഭഗവതി, പാർവ്വതി, ശ്രീ ഭഗവതി/ ലക്ഷ്മിഭഗവതി/ മഹാലക്ഷ്മി, ഭുവനേശ്വരി, രാജരാജേശ്വരി, ലളിത പരമേശ്വരി, അന്നപൂർണേശ്വരി, ചണ്ഡിക, ചാമുണ്ഡി, ഗായത്രി, സരസ്വതി തുടങ്ങി പരാശക്തിയുടെ വിവിധ ഭാവങ്ങളെയും ഈ വാക്ക് കൊണ്ട് വിശേഷിപ്പിക്കുന്നു. ഐശ്വര്യം പ്രദാനം ചെയ്യുന്നവൾ, ഐശ്വര്യത്താൽ സമ്പൂർണയായവൾ, ദുഃഖം ഇല്ലാതാകുന്നവൾ തുടങ്ങിയ അർഥങ്ങളും ഭഗവതി എന്ന പദത്തിനുണ്ട്. ഭഗവാൻ അല്ലെങ്കിൽ ഭഗവതി എന്നത് ദൈവത്തിന്റെ പര്യായമായി കണക്കാക്കപ്പെടുന്നു. പുരാണ ഗ്രന്ഥങ്ങളായ "ഭഗവതീപുരാണം, ദേവീഭാഗവതം, ദേവീമാഹാത്മ്യം" തുടങ്ങിയവയിൽ ഭഗവതിയുടെ മാഹാത്മ്യകഥകൾ ആണ് വർണ്ണിച്ചിരിക്കുന്നത്. [അവലംബം ആവശ്യമാണ്].

അതിപുരാതനകാലം മുതൽക്കേ മാതൃദൈവങ്ങളെ മനുഷ്യൻ ആരാധിച്ചു വന്നിരുന്നു. പ്രകൃതിയെ പ്രത്യേകിച്ച് മണ്ണിന്റെ ഊർവരതയും ജലവും മറ്റും ദേവീരൂപത്തിൽ കാണുകയും ആരാധിക്കുകയും ചെയ്തതിനു പുരാതനമായ തെളിവുകൾ ലഭ്യമാണ്. മാതൃദായകപ്രകാരമുള്ള പുരാതന കാലത്ത് സ്ത്രീ ദൈവങ്ങൾക്കായിരുന്നു പ്രാധാന്യം. സ്ത്രീ സമൂഹത്തിൽ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ ദൈവസങ്കല്പങ്ങൾ ആയും ഇതിനെ കണക്കാക്കുന്നു. സ്ത്രീ ആണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നുമാണ് ശാക്തേയർ കാളിയെ ആരാധിച്ചത്‌. ഭഗവതി മാതൃത്വം, ശക്തി, ഭൂമി, സ്നേഹം, സം‍രക്ഷണം, ഐശ്വര്യം, യുദ്ധ വിജയം, വിദ്യ എന്നിവയുടെ പര്യായമായാണ് അറിയപ്പെട്ടിരുന്നത്.

ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം തിരുവനന്തപുരം, കൊടുങ്ങല്ലൂർ ശ്രീ കുരുംമ്പ ഭഗവതി ക്ഷേത്രം, ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം എറണാകുളം, കാടാമ്പുഴ ശ്രീ ഭഗവതി ക്ഷേത്രം മലപ്പുറം, തിരുമാന്ധാകുന്ന് ഭഗവതി ക്ഷേത്രം പെരിന്തൽമണ്ണ, ചക്കുളത്ത്‌കാവ് ശ്രീ ഭഗവതി ക്ഷേത്രം തുടങ്ങിയവ കേരളത്തിലെ പ്രസിദ്ധമായ ഭഗവതി ക്ഷേത്രങ്ങൾ ആണ്.

ചരിത്രം[തിരുത്തുക]

വീനസ് ഓഫ് വില്ലെൻഡോ

വീനസ് ഓഫ് വില്ലെൻ‍ഡോ എന്നറിയപ്പെടുന്ന ശില്പമാണ് ഇതുവരെ കണ്ടെത്തിയതിലെ ഏറ്റവും പഴക്കം ചെന്ന സ്ത്രീരൂപം 24,000 മുതൽ 20,000 വർഷങ്ങൾ വരെ പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ഇതായിരിക്കണം ആദ്യത്തെ അമ്മ ദൈവം എന്ന് ചിലർ വിശ്വസിക്കുന്നു. വലിപ്പം കൂടിയ യോനീപുടങ്ങളും സ്തനങ്ങളും മാതൃത്വത്തെ സൂചിപ്പിക്കുന്നതത്രെ. [1]

തനിതയുടെ അടയാളം

അതിപുരാതനമായ ഈജിപ്ഷ്യൻ നാഗരികതയിലെ ബാത് ദേവതയാണ് മറ്റൊരു ഏറ്റവും പഴക്കം ചെന്ന അമ്മ ദൈവം. പശുവിൻറെ രൂപത്തിൽ മനുഷ്യൻറെ മുഖവുമായാണ് ബാതിൻറെ ആരാധിച്ചിരുന്നത്. ആകാശഗംഗ ബാതിൻറെ പാലിൽ നിന്നാണ് ഉണ്ടാവുന്നതെന്നായിരുന്നു സങ്കല്പം. അക്കാലത്തെ ഈജിപ്തുകാർ കാലിമേക്കുന്നവരായിരുന്നു. നെയ്ത് എന്ന മറ്റൊരു ദേവതയായിരുന്നു യുദ്ധത്തിന്റ്റെ അധിപ. കാർത്തേജിലെ ദേവതയായ തനിതയുമായി നേയ്തക്ക് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു എന്നാണ് വിശ്വാസം.

ഇന്ത്യയിൽ[തിരുത്തുക]

ഇന്ന് മേർഘഡ് സംസ്കാരം എന്നു വിളിക്കുന്ന പുരാതനമായ നാഗരികതയുടെ കാലത്ത് അമ്മദൈവങ്ങളെയാണ് ആരാധിച്ചിരുന്നത്. മേർഘഡിന്റെ ഭാഗമായ കുള്ളി എന്ന സ്ഥലത്ത് (ഇന്നത്തെ പാകിസ്താൻ) 6000 വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന കാർഷികഗ്രാമങ്ങളിൽ നിന്നാൺ ഇന്ത്യയിൽ ആദ്യമായി അമ്മ ദൈവങ്ങളെ ആരാധിച്ചിരുന്നതായി തെളിവുകൾ ലഭിക്കുന്നത്. [2]

ദ്രാവിഡരുടെ പ്രധാന ആരാധനാ മൂർത്തി അമ്മദൈവമായിരുന്നു. മാതൃദായകക്കാരായിരുന്ന അവർക്ക് പിതാവിനേക്കാൾ മാതാവിനോട് കൂടുതൽ ബഹുമാനം ഉണ്ടായിരുന്നിരിക്കണം. എന്നാൽ ദക്ഷിണേന്ത്യയിൽ പിതാവ്,(ശിവൻ‍) മാതാവ്(കാളി) പുത്രൻ(മുരുകൻ‍) എന്നിങ്ങനെ ഒരു കുടുംബത്തെ ആരാധിച്ചിരുന്നു.ശാക്തേയ രീതിയിൽ ആദിപരാശക്തിയും ദേവിയുടെ വിവിധ ഭാവങ്ങൾ ആയ ദുർഗ്ഗയും ഭദ്രകാളിയും ഭുവനേശ്വരിയും മറ്റും ആരാധിക്കപ്പെട്ടു. വൈദികകാലത്തെ(ഋഗ്വേദം) ആര്യന്മാക്ക് അമ്മ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. അമ്മ ദൈവങ്ങളെ അവർ ആരാധിച്ചിരുന്നുമില്ല. ദസ്യുക്കളുടെ ഉഷാരാധനയെ ഇന്ദ്രൻ തകർക്കുന്നതായും മറ്റും ഋഗ്വേദത്തിലുള്ള പരാമർശങ്ങൾ ഇത് സൂചിപ്പിക്കുന്നു. നേരേ മറിച്ച് ആര്യർക്കും മുൻപ് താമസിച്ചിരുന്ന ജനവിഭാഗങ്ങൾ ഉർവരതയേയും സൂര്യനേയും മറ്റും അമ്മയുടെ രൂപത്തിൽ ആരാധിച്ചിരുന്നു.

ഋഗ്വേദത്തിൽ ദേവിമാർ പൊതുവിൽ ദേവന്മാരേക്കാൾ വളരെ പ്രാധാന്യം കുറഞ്ഞവരാണ്‌.മനുസ്മൃതിയിൽ മരണമടഞ്ഞ പിതാക്കന്മാർക്കായി ബലിയർപ്പിക്കേണ്ടതിനെപ്പറ്റി പറയുന്നു. [3]നിത്യേനയുള്ള വൈശ്വദേവ ഭക്ഷണ തർപ്പണത്തെക്കുറിച്ച് പരാമർശിക്കുന്നതിൽ ഒരുരുള പിതൃബലിയായി പ്രത്യേകം നൽകണം. അവസനത്തെ ഉരുള മുജ്ജന്മ പാപത്താൽ മാറാരോഗം ബാധിച്ചവർക്കും മതഭ്രഷ്ടരായവർക്കും പട്ടികൾക്കും വേണ്ടി വെറും തറയിലാണ് വെക്കേണ്ടത്. എന്നാൽ ഇതിലെങ്ങും പിതൃക്കൾക്കൊപ്പം സഞ്ചരിക്കേണ്ട അമ്മമാരെപ്പറ്റി പരാമർശമില്ല.

മാതൃദായകക്കാരായിരുന്ന ദ്രാവിഡരിൽ നിന്ന് പിതൃദായ സമ്പ്രദായത്തിലേക്കുള്ള വ്യത്യാസം ഇവിടെ പ്രതിഫലിക്കുന്നു. അമ്മമാർ വെറും ഭാര്യമാരാവാനായി നുഴഞ്ഞുകയറിയവർ മാത്രമായിത്തീരുന്നു. അഷ്ടകങ്ങൾ എന്നറിയപ്പെടുന്ന വാർഷികമായ ശ്രാദ്ധമൂട്ടിലും അമ്മമാർക്കവകാശമില്ല. വേദസമ്പ്രദായം അനുവദിക്കുന്നില്ലെങ്കിലും പിന്നീട് ബ്രഹ്മണമതം ദേവിമാരെന്ന നിലയിൽ അമ്മമാർക്ക് വേണ്ടിയുള്ള ബലി തർപ്പണങ്ങൾ ഇന്ത്യയിലെ അനാര്യൻ അംശങ്ങളിൽ നിന്നും കടം കൊള്ളുന്നു. ഇത്തരത്തിൽ മുൻതലമുറയിലെ അമ്മമാരല്ലാത്ത മറ്റേതോ ദേവിമാർക്കായി (പൊതുവായ മാതൃത്വം-ത്രയംബക-മൂന്നുപേർ) വഴിയരികിൽ ശ്രാദ്ധമൂട്ടുന്ന രീതി പഴയകാലത്തെ ഇന്ത്യൻ സാഹിത്യകൃതികളിൽ കാണുന്നുണ്ട്. [4]

മഹാഭാരതത്തിൽ ഗംഗയെ ദേവിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഗംഗ സ്വർഗ്ഗലോകത്തിലെ നദിയാണെന്നും പ്രദീപൻ എന്ന രാജാവിനെ വിവാഹം കഴിക്കാൻ മനുഷ്യരൂപം പൂണ്ടതാണെന്നും പറയുന്നു. എന്നാൽ പ്രദീപന്റെ മകനായ ശാന്തനുവിനെ വിവാഹം കഴിക്കേണ്ടിവരുന്ന ഗംഗ അവളുടെ ആദ്യത്തെ ഏഴുപുത്രന്മാരേയും നദിയിൽ ഒഴുക്കിക്കൊല്ലുന്നു. [5]ഇത് അമ്മ ദൈവങ്ങൾക്ക് അർപ്പിക്കേണ്ടിയിരുന്ന ബലിയെയാൺ സൂചിപ്പിക്കുന്നതെന്ന് ഡി.സി.കൊസാംബി കരുതുന്നു. ആദ്യകാലത്തെ അമ്മ ദൈവാരാധന ജലവുമായി ബന്ധപ്പെട്ടിരുന്നു എന്നാൺ ഇത് കാണിക്കുന്നത്. ഗംഗയുടെ എട്ടാമത്തെ പുത്രനായ ഭീഷ്മർ സഹോദരനുവേണ്ടി അപഹരിച്ചുകൊണ്ടുവരുന്ന അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരും ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു (അംബു, അംബുസ്, ആംഫി - അമ്മ എന്നാണ് ഈ വാക്കുകളുടെ അർത്ഥവും).

പ്രമാണങ്ങൾ[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-08-19. Retrieved 2009-04-30.
  2. ആർതർ ലേവ്‌ലിൻ ബഷാം; ദ വണ്ടർ ദാറ്റ് വാസ് ഇന്ത്യ. സുർജീത്ത് പബ്ലിക്കേഷൻസ്, ഇംഗ്ലീഷ്; ന്യൂഡെൽഹി ഇന്ത്യ
  3. മനുസ്മൃതി 3.81-92
  4. ശൂദ്രകൻ‍-മൃച്ഛകടികം
  5. മഹാഭാരതം 1.93.44
"https://ml.wikipedia.org/w/index.php?title=ഭഗവതി&oldid=4089259" എന്ന താളിൽനിന്ന് ശേഖരിച്ചത്