Jump to content

കാപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കപ്പക്കടവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാപ്പാട് കടപ്പുറം
അപരനാമം: കപ്പക്കടവ്

കാപ്പാട് കടപ്പുറം
11°23′06″N 75°43′03″E / 11.3850°N 75.7175°E / 11.3850; 75.7175
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673304
+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചരിത്രപ്രധാനമായ കടൽത്തീരം ആണ് കൊയിലാണ്ടിക്കടുത്തുള്ള കാപ്പാട് കടപ്പുറം . പോർച്ചുഗീസ് കപ്പിത്താനായ വാസ്കോ ഡ ഗാമയുടെ നേതൃത്വത്തിലുള്ള വാണിജ്യ സംഘം1498-ൽ ഇവിടെയെത്തി. വാസ്കോ ഡ ഗാമ ഇവിടെ കപ്പലിറങ്ങി എന്ന പേരിൽ ഈ തീരം പ്രസിദ്ധമായെങ്കിലും ഇവിടെനിന്ന് ഏതാനും നാഴിക വടക്കോട്ടുമാറി പന്തലായനി കടപ്പുറത്താണ് ഇറങ്ങിയതെന്നാണ് ചരിത്രകാരൻമാർ വിശ്വസിക്കുന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കടൽത്തീരവും പാറക്കെട്ടുകളുംകൊണ്ട് പ്രസിദ്ധമാണിപ്പോൾ. തദ്ദേശീയർക്കിടയിൽ ഈ സ്ഥലം കപ്പക്കടവ് എന്നും അറിയപ്പെടുന്നു. 2020-ൽ പരിസ്ഥിതിസൗഹൃദ ബീച്ചുകൾക്ക് നൽകുന്ന രാജ്യാന്തര ബ്ലൂഫ്ളാഗ് സർട്ടിഫിക്കറ്റിന് രാജ്യത്തെ എട്ട് തീരങ്ങളോടൊപ്പം കാപ്പാട് തീരത്തെയും തിരഞ്ഞെടുത്തു.[1]

ചരിത്രം[തിരുത്തുക]

കാപ്പാട് കടൽത്തീരം

പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ ഇവിടെ 1498 മെയ് 27-നു 170 നാവികരും ഒത്ത് കപ്പൽ ഇറങ്ങി. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള നീണ്ടതും കോളിളക്കം നിറഞ്ഞതുമായ രാഷ്ട്രീയ ബന്ധത്തിന്റെ തുടക്കം ആയിരുന്നു അത്. ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളും സമ്പത്തുമായിരുന്നു പുരാതനകാലം മുതൽക്കേ തന്നെ അറബികൾ, ഫിനീഷ്യർ, ഗ്രീക്കുകാർ, റോമാക്കാർ, പിൽക്കാലത്ത് പോർച്ചുഗീസുകാർ, ഡച്ചുകാർ, ഇംഗ്ലീഷുകാർ, ഫ്രഞ്ചുകാർ തുടങ്ങിയവരെ ഇങ്ങോട്ട് ആകർഷിച്ചത്.

വാസ്കോ ഡ ഗാമ കപ്പൽ ഇറങ്ങിയതിന്റെ ഓർമ്മക്കായി സമീപകാലത്തുണ്ടാക്കിയ ഒരു ചെറിയ സ്മാരകം ഇവിടെ ഉണ്ട്. “വാസ്കോ ഡ ഗാമ ഇവിടെ കപ്പക്കടവിൽ 1498ൽ കപ്പൽ ഇറങ്ങി” എന്ന് ഈ സ്മാരകത്തിൽ എഴുതിയിരിക്കുന്നു.“വാസ്കോ ഡ ഗാമയുടെ യാത്ര യൂറോപ്യന്മാർക്ക് മലബാർ തീരത്തേക്ക് സമുദ്രമാർഗ്ഗം നൽകി. ഇന്ത്യയിലെ 450 വർഷത്തോളം നീണ്ട യൂറോപ്യൻ അധിനിവേശത്തിനും ഇത് കാരണമായി. വാസ്കോ ഡ ഗാമ കപ്പൽ ഇറങ്ങുമ്പോൾ കോഴിക്കോട് ഭരിച്ചിരുന്നത് ശക്തരായ സാമൂതിരിമാർ ആയിരുന്നു. മലബാർ അന്ന് സുഗന്ധവ്യഞ്ജനങ്ങൾ, കാലിക്കോ പട്ടുതുണികൾ എന്നിവയ്ക്ക് പ്രശസ്തമായിരുന്നു.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

കാപ്പാടിനടുത്തുള്ള തിരുവങ്ങൂരിൽ സ്ഥിതി ചെയ്യുന്ന തിരുവങ്ങൂർ ഹയർ സെക്കന്ററി വിദ്യാലയം (ഈ പ്രദേശത്തെ ഏറ്റവും പുരാതനമായ വിദ്യാലയമാണ് ഇത്), ഇലാഹിയ ഹയർ സെക്കന്ററി വിദ്യാലയം, പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയാണ് ഇവിടെയുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ .ഒരു പ്രൈമറി ഹെൽത്ത് സെന്റർ തിരുവങ്ങൂർ ടൗണിൽ പ്രവർത്തിക്കുന്നുണ്ട്. ഈ പ്രദേശത്തെ ഏറ്റവും പ്രസിദ്ധമായ ഹൈന്ദവ ആരാധാനാലയമായ തിരുവങ്ങൂർ നരസിംഹക്ഷേത്രം കാപ്പാടുനിന്നു മൂന്നു കിലോമീറ്റർ കിഴക്കോട്ടു മാറി ദേശീയ പാതയുടെ അരികിൽ സ്ഥിതിചെയ്യുന്നു.കാപ്പാട് ബസാറിൽ സ്ഥിതിചെയ്യുന്ന കാപ്പാട് ജുമാ മസ്ജിദ് ഈ പ്രദേശത്തെ മുസ്ലീം ആരാധനാ കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌.ഈ പള്ളിയോടനുബന്ധിച്ചുള്ള ഐനുൽ ഹുദാ യത്തീം ഖാന മലബാറിലെ മുസ്ലീം മാനേജ്മെന്റിൽ നടക്കുന്ന അനാഥാലയങ്ങളിൽ പ്രമുഖമായതാണ്‌.

ഖാസി കുഞ്ഞി ഹസൻ മുസ്‌ലിയാർ ഇസ്ലാമിക്‌ അക്കാദമി

കാപ്പാടിനടുത്ത് തുവ്വപ്പാറയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ശ്രീ ഒറുപൊട്ടും കാവ് ഭഗവതി ക്ഷേത്രം. മൂന്നുവശവും കടലിനാൽ ചുറ്റപ്പെട്ട് കരിമ്പാറ പുറത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

വിനോദസഞ്ചാരം[തിരുത്തുക]

ദിനം പ്രതി നൂറുകണക്കിന്‌ ആളുകൾ സന്ദർശിക്കുന്ന ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്‌ കാപ്പാട്. മലബാറിലെ പ്രദേശങ്ങൾ സന്ദർശിക്കുന്ന സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകൾ അവരുടെ സന്ദർശന പട്ടികയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി കാപ്പാടിനെ പരിഗണിക്കുന്നു. തദ്ദേശീയരും സമീപ പ്രദേശങ്ങളിലുള്ളവരും വൈകുന്നേരങ്ങളിലെ ഒരു വിശ്രമകേന്ദ്രമായി കാപ്പാടിനെ കണക്കാക്കുന്നു. സഞ്ചാരികളെ ആകർഷിക്കാൻ തക്ക സുന്ദരവും വിസ്തൃതവുമായ കടൽത്തീരം കൊണ്ട് അനുഗൃഹീതമാണ്‌ കാപ്പാട്. വാസ്കോ ഡെ ഗാമയുടെ സ്മരണാർഥം ബീച്ചിന്റെ വടക്കെ അറ്റത്ത് കാപ്പാട് ബസാറിലേക്കുളള ജംഗ്ഷനിൽ ഒരു സ്മാരക സ്തൂപം സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഒരു മ്യൂസിയവും സാംസ്കാരിക നിലയവും സ്ഥാപിക്കുമെന്ന് ടൂറിസം വകുപ്പ് ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി. കാപ്പാട് ബീച്ചിന്റെ വടക്ക് ഭാഗത്ത് പാറക്കെട്ടുകളും അതിനോട് ചേർന്നുള്ള ശ്രീകുറുംബ ക്ഷേത്രവും സന്ദർശകർക്ക് അതീവ ഹൃദ്യമായ കാഴ്ചയാണ്‌. ഒറുപൊട്ടും കാവ്‌ എന്നറിയപ്പെടുന്ന ഈ പുരാതന ക്ഷേത്രം തദ്ദേശീയരായ മുകയന്മാരുടെ പ്രധാന ആരാധനാ കേന്ദ്രമാണ്‌. തെക്കുഭാഗത്ത് കാറ്റാടി മരങ്ങൾ നിറഞ്ഞ കടൽത്തീരം വിനോദ സഞ്ചാരികൾക്ക് കടൽക്കാറ്റേറ്റ് വിശ്രമിക്കാനുള്ള സൗകര്യം നൽകുന്നു. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ പണികഴിപ്പിച്ച ഒരു റിസോർട്ട് ബീച്ചിന്റെ തെക്കുവശത്ത് പ്രവർത്തിക്കുന്നുണ്ട്. ചേരമാൻ റിസോർട്ട് എന്ന ഒരു സ്വകാര്യ റിസോർട്ടും പണി പൂർത്തിയായി വരുന്നുണ്ട്. വൈകുന്നേരങ്ങളിൽ പ്രത്യേകിച്ച് വാരന്ത്യങ്ങളിൽ ഈ ബീച്ചിൽ നല്ല തിരക്കനുഭവപ്പെടാറുണ്ട്. ഇപ്പോൾ സഞ്ചാരികളുടെ സുരക്ഷിതത്വത്തിനായി താൽക്കാലിക പോലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

വിമർശനങ്ങൾ[തിരുത്തുക]

വാസ്കോഡ ഗാമ ആദ്യം വന്നതായി കണക്കാക്കുന്ന പാത (1497 - 1499).

കേരള വിനോദസഞ്ചാരവികസന കോർപ്പറേഷൻ നിർമ്മിച്ചതും കരാറടിസ്ഥാനത്തിൽ സ്വകാര്യസ്ഥാപനമായി നടക്കുന്നതുമായ ഒരു ഹോട്ടൽ ഇവിടെയുണ്ട്.പക്ഷേ സ്വകാര്യ കമ്പനിക്ക് നടത്തിപ്പിനു കൊടുത്തതുകാരണം അമിതമായി ടൂറിസ്റ്റുകളെ ചൂഷണം ചെയ്യുന്നു എന്ന് പരാതിയുണ്ട്. കൂടാതെ കാപ്പാട് ബീച്ചിൽ വിനോദസഞ്ചാരം വികസിക്കുന്നതിനോടു നാട്ടുകാർക്ക് വലിയ താത്പര്യമില്ല എന്ന് ആരോപണം കൂടി ചിലർ ഉന്നയിക്കാറുണ്ട്. സദാചാര ഗുണ്ടകളായ ചില നാട്ടുകാരാണ് ഇത്തരം ആരോപണങ്ങൾക്ക് ഇടയാക്കുന്നത്[അവലംബം ആവശ്യമാണ്]

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

  • ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷൻ: കൊയിലാണ്ടി(8 കിലോമീറ്റർ അകലെ)
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് പട്ടണത്തിൽ നിന്നും ഏകദേശം 23 കിലോമീറ്റർ അകലെ.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കാപ്പാട് ബീച്ചിന് ബ്ലൂഫ്‌ളാഗ് സർട്ടിഫിക്കറ്റ്, ഇനി ലോക ടൂറിസം ഭൂപടത്തിൽ" (in ഇംഗ്ലീഷ്). Archived from the original on 2020-11-13. Retrieved 2020-11-13.


"https://ml.wikipedia.org/w/index.php?title=കാപ്പാട്&oldid=3802907" എന്ന താളിൽനിന്ന് ശേഖരിച്ചത്